വെല്ലുവിളിയിലേക്ക് ഓടിച്ചെല്ലുക
തന്റെ പാവപ്പെട്ട സുഹൃത്തിന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കളെ ഡേവിഡ് പിന്തുടര്ന്നു. അവന് ഒരു പദ്ധതി ഇല്ല. അത് തിരികെ ലഭിക്കേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മൂന്ന് കള്ളന്മാരും അവനെ തിരിഞ്ഞു നോക്കിയിട്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയി. ബൈക്ക് എടുത്ത് തിരിയുമ്പോള്‍ ഡേവിഡിന് ആശ്വാസവും ഒപ്പം അത്ഭുതവും അനുഭവപ്പെട്ടുു. അപ്പോഴാണ് തന്റെ പിന്നില്‍ തന്റെ അരോഗദൃഢഗാത്രനായ സുഹൃത്ത് സന്തോഷ് വരുന്നതു കണ്ടത്.
തന്റെ പട്ടണത്തെ ശത്രുസൈന്യം ചുറ്റിയിരിക്കുന്നതു കണ്ട എലീശയുടെ ദാസന് പരിഭ്രാന്തനായി. അവന് എലീശയുടെ അടുത്തേക്ക് ഓടി, ''ഓ, യജമാനനേ! നമ്മള് എന്തുചെയ്യും?''എലീശ അവനോട് ശാന്തനാകാന്‍ പറഞ്ഞു. ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' എന്നു പറഞ്ഞു. അപ്പോള്‍ ദൈവം ദാസന്റെ കണ്ണുകള്‍ തുറന്നു, ''എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന് കണ്ടു'' (വാ. 15-17).
നിങ്ങള്‍ യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുമ്പോള്‍, ചില മോശമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ മാന്യതയും ഒരുപക്ഷേ നിങ്ങളുടെ സുരക്ഷയും പോലും അപകടത്തിലാകാം, കാരണം ശരിയായത് ചെയ്യാന്‍ നിങ്ങള്‍ ദൃഢനിശ്ചയത്തിലാണ്. ഇതെന്തായിത്തീരുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ മുമ്പിലുള്ള വെല്ലുവിളിയേക്കാള്‍ നിങ്ങള്‍ ശക്തനോ മിടുക്കനോ ആയിരിക്കേണ്ടതില്ല. യേശു നിങ്ങളോടൊപ്പമുണ്ട്, അവന്റെ ശക്തി എല്ലാ എതിരാളികളേക്കാളും വലുതാണ്. പൗലൊസിന്റെ ചോദ്യം സ്വയം ചോദിക്കുക, ''ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്കു പ്രതികൂലം ആര്?'' (റോമര്‍ 8:31). ശരിക്കും, ആരാണ്? ആരുമില്ല. ദൈവത്തോടൊപ്പം നിങ്ങളുടെ വെല്ലുവിളിക്കായി ഓടുക.
ദൈവികമായി വിന്യസിക്കപ്പെട്ടത്
ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നതിനാല്‍ രാത്രി ഉറക്കമുണര്‍ന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. സത്യം പറഞ്ഞാല്‍, എന്റെ മനോഭാവം ദൈവത്തിനു പ്രാര്‍ഥനാപൂര്‍വ്വം സമര്‍പ്പിച്ച ഒന്നായിരുന്നില്ല, മറിച്ച് ചോദ്യം ചെയ്യലും കോപവുമായിരുന്നു. ഒരു വിടുതലും കണ്ടെത്താതെ ഞാന്‍ ഇരുന്ന് ഒരു വലിയ ജാലകത്തിലൂടെ ആകാശത്തേക്കു നോക്കി. നക്ഷത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അപ്രതീക്ഷിതമായി ആകര്‍ഷിക്കപ്പെട്ടു- കൃത്യമായി ക്രമീകരിക്കപ്പെട്ട ഈ മൂന്ന് നക്ഷത്രങ്ങള്‍ പലപ്പോഴും വ്യക്തമായ രാത്രികളില്‍ ദൃശ്യമാകും. ഈ മൂന്ന് നക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷം അകലെയാണെന്ന് മനസ്സിലാക്കാന്‍ തക്ക ജ്യോതിശാസ്ത്രത്ത ജ്ഞാനം എനിക്കുണ്ടായിരുന്നു.
ആ നക്ഷത്രങ്ങളോട് ഞാന്‍ എത്ര കൂടുതല്‍ അടുക്കുമോ അത്രത്തോളം അവയുടെ ക്രമപ്രകാരമല്ലാത്ത വിന്യാസം ഞാന്‍ കാണും എന്നു ഞാന്‍ മനസ്സിലാക്കി. എന്നിട്ടും എന്റെ വിദൂര വീക്ഷണകോണില്‍ നിന്ന്, അവ ശ്രദ്ധാപൂര്‍വ്വം ആകാശത്ത് ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. ആ നിമിഷം, ദൈവം എന്നെ കാണുന്നതുപോലെ കാണാന്‍ തക്കവണ്ണം ഞാന്‍ എന്റെ ജീവിതത്തോട് വളരെ അടുപ്പത്താണെന്ന് ഞാന്‍ മനസ്സിലാക്കി. അവന്റെ വലിയ ചിത്രത്തില്‍, എല്ലാം തികഞ്ഞ നിലയില്‍ വിന്യാസിക്കപ്പെട്ടിരിക്കുന്നു.
അപ്പൊസ്തലനായ പൗലൊസ്, ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യങ്ങളുടെ ഒരു സംഗ്രഹം പൂര്‍ത്തിയാക്കുമ്പോള്‍, ഒരു സ്തുതിഗീതത്തിലേക്കു മാറുന്നു (റോമര്‍ 11:33-36). അവന്റെ വാക്കുകള്‍ നമ്മുടെ പരമാധികാരിയായ ദൈവത്തിലേക്ക് നമ്മുടെ നോട്ടം ഉയര്‍ത്തുന്നു, അവന്റെ വഴികള്‍ നമുക്കു മനസ്സിലാക്കാനോ കണ്ടെത്താനോ ഉള്ള നമ്മുടെ പരിമിതമായ കഴിവിനപ്പുറത്താണ് (വാ. 33). എന്നിട്ടും ആകാശത്തിലും ഭൂമിയിലും എല്ലാം ഒരുമിച്ചുനിര്‍ത്തുന്നവന്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളുമായും അടുപ്പത്തോടെയും സ്നേഹത്തോടെയും ഇടപെടുന്നു (മത്തായി 6:25-34; കൊലൊസ്യര്‍ 1:16).
കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്ന് തോന്നുമ്പോഴും, ദൈവത്തിന്റെ ദിവ്യ പദ്ധതികള്‍ നമ്മുടെ നന്മയ്ക്കും ദൈവത്തിന്റെ ബഹുമാനത്തിനും മഹത്വത്തിനും വേണ്ടി പ്രവര്‍ത്തനക്ഷമമായിക്കൊണ്ടിരിക്കുന്നു.
ദുഃഖാര്‍ത്തനായ വാത്ത
പാര്‍ക്കിംഗ് സ്ഥലത്ത് എന്തുകൊണ്ടാണ് ഒരു ഫുട്ബോള്‍ വെച്ചിരിക്കുന്നത്? ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ അടുത്തെത്തുമ്പോള്‍, ചാരനിറത്തിലുള്ള വസ്തു ഒരു ഫുട്ബോള്‍ അല്ലെന്ന് ഞാന്‍ മനസ്സിലാക്കി: അതൊരു വാത്തയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുഃഖാര്‍ത്തനായ വാത്ത.
തണുപ്പുള്ള മാസങ്ങളില്‍ എന്റെ ജോലിസ്ഥലത്തിനടുത്തുള്ള പുല്‍ത്തകിടിയില്‍ വാത്തകള്‍ ഒത്തുകൂടും. എന്നാല്‍ ഇന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഴുത്ത് പിന്നിലേക്ക് വളച്ച്, തല ഒരു ചിറകിനടിയില്‍ പൂഴ്ത്തി അതിരുന്നു. നിന്റെ കൂട്ടുകാര്‍ എവിടെ? ഞാന്‍ ചിന്തിച്ചു. പാവം അത് ഒറ്റയ്ക്കായിരുന്നു. അത് വളരെ ഏകാന്തമായി കാണപ്പെട്ടു, അതിന് ഒരു ആലിംഗനം നല്കാന് ഞാന്‍ ആഗ്രഹിച്ചു.
എന്റെ ഈ ഏകാന്തമായ തൂവല്‍ ചങ്ങാതിയെപ്പോലെ ഒറ്റയ്ക്ക് ഒരു വാത്തയെ ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. വാത്തകള്‍ സമൂഹജീവികളാണ്. കാറ്റിനെ വ്യതിചലിപ്പിക്കുന്നതിനായി v ആകൃതിയില്‍ കൂട്ടമായി അവ പറക്കുന്നു. ഒരുമിച്ച് ജീവിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടവയാണ്് അവ.
മനുഷ്യരെന്ന നിലയില്‍, നാമും സമൂഹത്തിനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് (ഉല്പത്തി 2:18 കാണുക). സഭാപ്രസംഗി 4:10-ല്‍, നാം തനിച്ചായിരിക്കുമ്പോള്‍ നാം എത്രത്തോളം ദുര്‍ബലരാണെന്ന് ശലോമോന് വിവരിക്കുന്നു: ''ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാന് ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!'' എണ്ണത്തില്‍ ശക്തിയുണ്ട്, കാരണം, ''ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്ക് അവനോട് എതിര്ത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകയില്ല' (വാ. 12).
ഇത് ശാരീരികമായി എന്നപോലെ ആത്മീയമായും സത്യമാണ്. നാം ഒറ്റയ്ക്ക് ''പറക്കാന്‍'' ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. പ്രോത്സാഹനത്തിനും ഉന്മേഷത്തിനും വളര്‍ച്ചയ്ക്കും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ് (1 കൊരിന്ത്യര്‍ 12:21 കൂടി കാണുക).
ജീവിതത്തിന്റെ കൊടുങ്കാറ്റുകള്‍ നമ്മുടെ വഴിയേ വരുമ്പോള്‍ ഒരുമിച്ചാണെങ്കില്‍ നമുക്ക് എതിര്ത്തുനില്ക്കാന് കഴിയും.
ദാനത്തിന്റെ ഒരു ലോകം
മത്സ്യത്തൊഴിലാളിയായ ജെയിംസ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ദിവസത്തിന്റെ ആ ആരംഭസമയം അവനെ അലട്ടിയില്ല. ''ഞാന്‍ മത്സ്യബന്ധനം ആരംഭിക്കുന്നതിന് മുമ്പ് ജീവിതം വളരെ കഠിനമായിരുന്നു,'' അദ്ദേഹം പറയുന്നു. ''എനിക്ക് വരുമാന സ്രോതസ്സുകളൊന്നുമുണ്ടായിരുന്നില്ല.'' ഇപ്പോള്‍, ഒരു സമുദ്ര-സംരക്ഷണ പരിപാടിയിലെ അംഗമെന്ന നിലയില്‍, വരുമാനം വര്‍ദ്ധിക്കുന്നതും സ്ഥിരത കൈവരിക്കുന്നതും അദ്ദേഹം കാണുന്നു. ''ഈ പ്രോജക്റ്റ് ആരംഭിച്ചതില്‍ ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ദൈവത്തിന്റെ സൃഷ്ടി അവരുടെ പ്രോജക്ടിന് ആവശ്യമുള്ളത് - സമുദ്രജീവികളുടെ സ്വാഭാവിക ദാനം - നല്കി എന്നതിനാല്‍ ഇതു വലിയതോതില്‍ കാണപ്പെട്ടു. നമുക്കു വേണ്ടുന്നതെല്ലാം നല്കുന്ന ദൈവത്തെ സ്തുതിച്ചുകൊണ്ട് സങ്കീര്ത്തനക്കാരന് എഴുതി, ''അവന് മൃഗങ്ങള്‍ക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു'' (സങ്കീര്‍ത്തനം 104:14). അതുപോലെ, ''സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള് ഉണ്ട്' (വാ. 25).
ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടി നമുക്ക് ആവശ്യമായതെല്ലാം എങ്ങനെ നല്കുന്നുവെന്നത് ഒരു അത്ഭുതമാണ്. ഉദാഹരണത്തിന്, മത്സ്യം ആരോഗ്യകരമായ ഒരു സമുദ്ര ഭക്ഷണ ശൃംഖല രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മത്സ്യബന്ധനം നടത്തുന്നത് ജെയിംസിനും അയല്‍ക്കാര്‍ക്കും ജീവിക്കാനുള്ള വേതനം നല്കുന്നു.
ദൈവത്തിന്റെ സൃഷ്ടിയില്‍ യാദൃശ്ചികമായി ഒന്നുമില്ല. അവിടുന്ന് തന്റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കുമായി എല്ലാം ഉപയോഗിക്കുന്നു. അതിനാല്‍ ''എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവയ്ക്കു പാടും'' എന്ന് സങ്കീര്ത്തനക്കാരന് പറയുന്നു (വാ. 33). അവിടുന്ന് നല്കുന്നതെല്ലാം ആലോചിക്കുമ്പോള്‍ നമുക്കും ഇന്ന് അവനെ സ്തുതിക്കാം.
വീണ്ടും സ്നേഹിതര്‍
ഒരു അമ്മയും ഇളയ മകളും ഒരു ദിവസം പള്ളിയില്‍ ഇരിക്കുകയായിരുന്നു. ശുശ്രൂഷാ മധ്യത്തില്‍, ആളുകള്‍ക്ക് പരസ്യമായി ദൈവത്തിന്റെ പാപമോചനം പ്രാപിക്കാനുള്ള അവസരം നല്കപ്പെട്ടു. ഓരോതവണയും ആരെങ്കിലും അങ്ങനെ ചെയ്യാന്‍ മുന്നോട്ട് പോകുമ്പോള്‍, കൊച്ചു പെണ്‍കുട്ടി കയ്യടിക്കാന്‍ തുടങ്ങും. ''ക്ഷമിക്കണം,'' അമ്മ പിന്നീട് സഭാ നേതാവിനോട് പറഞ്ഞു. ''അനുതാപം നമ്മെ വീണ്ടും ദൈവവുമായി സൗഹൃദത്തിലാക്കുന്നുവെന്ന് ഞാന്‍ എന്റെ മകളോട് വിശദീകരിച്ചു, എല്ലാവര്ക്കും വേണ്ടി സന്തോഷിക്കാന്‍ അവള് ആഗ്രഹിച്ചു.''
ഒരു കുട്ടിക്കു മനസ്സിലാക്കുന്നതിനായി ലളിതമാക്കിയ ആ അമ്മയുടെ വാക്കുകള്‍ സുവിശേഷത്തിന്റെ നല്ല വിശദീകരണമായിരുന്നു. ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവനുമായി അനുരഞ്ജിപ്പിക്കപ്പെട്ടു (റോമര്‍ 5:9-10). ഇപ്പോള്‍ നാം തീര്‍ച്ചയായും ദൈവത്തിന്റെ സ്നേഹിതരാണ്. സൗഹൃദം തകര്‍ത്ത് നാം തന്നെയായതിനാല്‍ (വാ. 8), നമ്മുടെ മാനസാന്തരമാണ് പുനഃസ്ഥാപന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ നാം വഹിക്കേണ്ട ഭാഗം. കൊച്ചു പെണ്‍കുട്ടിയുടെ പ്രതികരണം തികച്ചും ഉചിതമായ ഒന്നായിരുന്നു. ഒരാള്‍ മാനസാന്തരപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം മുഴുവനും കൈയടിക്കുന്നതിനാല്‍ (ലൂക്കൊസ് 15:10), അവള് അറിയാതെ ആ കരഘോഷം പ്രതിധ്വനിപ്പിക്കുകയായിരുന്നു.
യേശു തന്റെ അനുരഞ്ജന പ്രവര്‍ത്തനത്തെ സമാനമായ രീതിയില്‍ വിവരിച്ചു. ''സ്നേഹിതന്മാര്ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല'' (യോഹന്നാന് 15:13). നമ്മോടുള്ള ഈ ത്യാഗപരമായ സൗഹൃദത്തിന്റെ ഫലമായി, നമുക്ക് ഇപ്പോള്‍ അവനുമായി സൗഹൃദം കൂടാം. ''ഞാന്‍ നിങ്ങളെ ദാസന്മാര് എന്ന് ഇനി പറയുന്നില്ല; ... നിങ്ങളെ സ്നേഹിതന്മാര് എന്നു പറഞ്ഞിരിക്കുന്നു' (15:15).
ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാം ഇപ്പോള്‍ ദൈവത്തിന്റെ സുഹൃത്തുക്കളാണ്. ഇത് അതിശയകരമായ ഒരു ചിന്തയാണ്. കൈയ്യടിക്കാന്‍ കൊള്ളാവുന്ന ഒന്ന്.